ഉള്ളിയേരി ബസ് സ്റ്റാൻഡിനുള്ളിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.




ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാൻഡിനുള്ളിൽ സിസിടിവി സ്ഥാപിക്കണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
       ക്ലാസ്സ്‌ കട്ട് ചെയ്തും, രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളും അലസമായി ബസ് സ്റ്റാൻഡിനുള്ളിൽ കറങ്ങി നടക്കുന്നത് നിത്യ സംഭവമാണ്.  സ്റ്റാൻഡിനുള്ളിൽ മുകൾ നിലയിലേയ്ക്ക് കയറാനുള്ള കോണിപടവുകളിൽ ആൺകുട്ടികളും പെൺകുട്ടികളും മണിക്കൂറുകളോളം പ്രണയസല്ലാപം നടത്തുന്നത് സ്റ്റാൻഡിനുള്ളിലെ ഷോപ്പിൽ വരുന്ന പൊതുജനത്തിനും ബുദ്ധിമുട്ടാകുന്നു. 
    മറയില്ലാതെ ഇവർ കാട്ടുന്ന അശ്ലീല പ്രവൃത്തികൾക്കെതിരെ പ്രതികരിക്കാനും കഴിയാത്ത അവസ്ഥയിലാണ്. മാരകമായ മയക്കുമരുന്ന് വിൽപ്പനയും വാങ്ങലും ഇവിടെ നടക്കുന്നുണ്ട്. ആണും പെണ്ണും ഇതിന്റെ ഏജന്റുകളായി പ്രവർത്തിക്കുന്നു.
    ബാങ്ക് അക്കൗണ്ടിലേയ്ക്ക് കള്ളപ്പണം അയക്കാൻ അക്കൗണ്ട് വിലയ്ക്ക് വാങ്ങുന്ന സംഘവും ഇവിടെ സജീവമാണ്. കമ്മീഷൻ വ്യവസ്ഥയിൽ കുട്ടികൾ പ്രവർത്തിക്കാൻ തയ്യാറാവുന്നു. ഒടുവിൽ കേസ് വരുമ്പോൾ കുട്ടികൾ പിടിയിലാവുന്നു. കക്കഞ്ചേരിയിലെ മൂന്നു കുട്ടികൾ കേസിൽ കുടുങ്ങി കിടക്കുകയാണ്.
      ഉള്ളിയേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബിൽഡിംഗിൽ ക്യാമറ സ്ഥാപിക്കാനുള്ള നടപടിയെടുക്കേണ്ടത് പഞ്ചായത്താണ്.
" ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ക്യാമറ സ്ഥാപിക്കുകയും, പോലീസിന്റെ ഇടപെടൽ ഉണ്ടാവുകയും ചെയ്താൽ കുട്ടികളുടെയും മറ്റു സാമൂഹ്യ വിരുദ്ധരുടെയും പ്രവൃത്തികൾക്ക് തടയിടാനാവും." വ്യാപാരി വ്യവസായി എകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ് കെ എം ബാബു പറഞ്ഞു.

Post a Comment

0 Comments