റിപ്പോർട്ട്: ബിജു.ടി.ആർ.
ഉള്ളിയേരി : കോഴിക്കോട് ജില്ലയിലെ അത്തോളി മൊടക്കല്ലൂർ എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ എൻ ഡി പ്രജീഷ് സ്കൂൾ ലൈബ്രറിയ്‌ക്ക് വേണ്ടി പുസ്‌തകങ്ങൾ തേടിയുള്ള ഓട്ടത്തിലാണ്. സഹഅധ്യാപകരും, പി ടി എയും സഹായത്തിനുണ്ട്.
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ചിതലരിച്ചു നശിച്ചപ്പോൾ പുതിയ ലൈബ്രറിയും പുസ്തകങ്ങളും ഒരുക്കാനുള്ള ചിന്തയിൽ നിന്നാണ് ഹെഡ്മാസ്റ്ററുടെ മനസ്സിൽ പുതിയൊരു ആശയമുദിച്ചത്. ഒരു ക്ലാസ്സ് റൂം അതിനായി ഒരുക്കി. ബുക്ക് ഷെൽഫുകളും വായനാമേശയും കസേരയും സെറ്റ് ചെയ്തു. കുട്ടികളെ ആകർഷിക്കുന്ന വിധം റൂം ക്രമീകരിച്ചു.
പുസ്തകങ്ങൾ സുഹൃത്തുക്കളിൽ നിന്നും എഴുത്തുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ശേഖരിക്കാൻ തീരുമാനിച്ചു. ഫേസ്ബുക്കിൽ പുസ്തകം സ്വീകരിക്കുന്ന സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു. അത് ക്ലിക്കായി. സ്റ്റാറ്റസ് കണ്ടവർ വിളിക്കാൻ തുടങ്ങി. ഹെഡ്മാസ്റ്റർ രാവിലെ കാറുമായി വീട്ടിൽ നിന്നിറങ്ങും. പുസ്തകം തരാമെന്ന് പറഞ്ഞ സുഹൃത്തുക്കളുടെ വീട്ടിൽ പോയി പുസ്തകങ്ങൾ സ്വീകരിക്കും. എല്ലാവരും മികച്ച പുസ്തകങ്ങളാണ് നൽകിയത്. മലയാളത്തിലെ പ്രശസ്തരും യുവ എഴുത്തുകാരും പുസ്തകങ്ങൾ നൽകി സഹകരിച്ചു. സഹഅദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർണ പിന്തുണ നൽകി കൂടെയുണ്ട്.
പുസ്തകങ്ങൾ ശേഖരിക്കുക അത്ര എളുപ്പമല്ല. വായനാശീലമുള്ള നല്ലൊരു അദ്ധ്യാപകനു മാത്രമേ ഇങ്ങനെ ഇടപെടാനും പ്രവർത്തിക്കാനും സാധ്യമാകുകയുള്ളു. അയ്യായിരം പുസ്തകങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങൾ ശേഖരിച്ചു കഴിഞ്ഞു. കേരളത്തിന് അകത്ത് പല ജില്ലകളിലും പോയി ഹെഡ്മാസ്റ്റർ പുസ്തകം കളക്ട് ചെയ്തു.
" കേരളത്തിലെ ഏറ്റവും വലിയ സ്കൂൾ ലൈബ്രറി മൊടക്കല്ലൂർ എയു പിയിൽ സഫലമാക്കാനുള്ള ശ്രമമാണ്. മറ്റു അധ്യാപകരുടെയും രക്ഷിതാക്കളുടെയും കട്ട സപ്പോർട്ടുണ്ട്. രണ്ടു അലമാര സ്പോൺസർ ചെയ്തു കിട്ടി.
നല്ല വായനാശീലമുള്ള പത്തു കുട്ടികളെയെങ്കിലും വളർത്തിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതിനൊപ്പം രക്ഷിതാക്കൾക്കും, നാട്ടുകാർക്കും സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. എന്റെ മാത്രം അധ്വാനമല്ല, ഇത് വിജയിപ്പിക്കാൻ എന്റെ കൂടെ ഒരുപാട് പേർ പ്രയത്നിക്കുന്നുണ്ട്. "
ഹെഡ്മാസ്റ്റർ എൻ ഡി പ്രജീഷ് കേരള ഫ്രീലാൻസ് പ്രസ്സിനോട് പറഞ്ഞു.
0 Comments