ആൺപക്ഷി ഒന്ന് കൂവിയാൽ മതി ദൂരെയേതോ കൊമ്പിലിരുന്ന് പെൺപക്ഷിയും അതെ താളത്തിൽ കൂവും. അതിലൊരു ലയമുണ്ട്, പ്രകൃതിയുടെ താളമുണ്ട് ... ജീവിതത്തിന്റെ മൂക സൗന്ദര്യമുണ്ട് . പ്രകൃതിയുടെ നിറശബ്ദങ്ങളാണതൊക്കെ .. പാട്ടിലും ഉണ്ട് അത്തരം ശബ്ദസന്നിവേശങ്ങൾ . യുഗ്മഗാനങ്ങൾ എന്ന് നമ്മൾ പറയുമതിന് . ഗായകന്റെ ശബ്ദത്തിനൊപ്പം ഏറ്റുപിടിച്ചും , ഉൾച്ചേർന്നുപോയും , അതിലും ഉയരത്തിലെത്തിയും ഗായികമാരും . സോളോ ഗാനങ്ങളെക്കാൾ പ്രിയം യുഗ്മഗാനമാവുന്നതിൽ കാര്യമുണ്ട് .ഒരു തരം മത്സരസ്ഥിതിവിശേഷം ഉടലെടുക്കുകയും രണ്ടുപേരും അവരവരുടെ ഭാഗം ഉജ്ജലമാക്കാൻ ശ്രമിക്കയും ചെയ്യും. അപ്പോൾ അനുഭവിക്കുന്ന ശ്രോതാക്കൾക്കും അതിന്റെ ലയനമുണ്ടാവുകയും ചെയ്യും. .. എ എം രാജ - ജിക്കി , യേശുദാസ് - ജാനകി , ജയചന്ദ്രൻ -മാധുരി , എംജി ശ്രീകുമാർ - ചിത്ര അങ്ങിനെ അങ്ങിനെ പാട്ടു താരജോഡികൾ എക്കാലവും ഉണ്ടായിട്ടുണ്ട്. ഇതിൽ തന്നെ യുഗ്മഗാനമാലപിക്കുന്നതിൽ മുമ്പൻ ശ്രീ പി ജയചന്ദ്രൻ ആണെന്ന് പറയുമ്പോൾ അഭിപ്രായ വ്യത്യാസം ഉള്ളവരും കണ്ടേക്കും. അത് സാരമില്ല . ആസ്വാദന രീതി പല തരത്തിലാണ്. എന്തുകൊണ്ട് ജയചന്ദ്രൻ എന്നതിന് ഉത്തരമുണ്ട്. പാടുന്ന ഗായികക്ക് ചേർന്ന് പോവുന്ന മറ്റൊരു ശബ്ദം ജയചന്ദ്രനോളം മറ്റാരിലും കണ്ടില്ല .. ഉറച്ച ശബ്ദം അതൊന്നുകൂടി കൂട്ടുചേർന്നു പാടുന്നവൾക്കായി .. ജയചന്ദ്രന്റെ ഒപ്പം പാടുമ്പോൾ ഗായികക്കും വരികൾ സ്പഷ്ടമാക്കാതെ വയ്യ എന്നുമുണ്ട്. അപ്പോൾ തന്നെ യുഗ്മഗാനത്തിന്റെ എല്ലാ നിറവും കൈവന്നിരിക്കും... ആദ്യകാലങ്ങളിൽ വസന്ത , ജാനകി , സുശീല , മാധുരി ഇവർക്കായി വീതിക്കപ്പെട്ടതായിരുന്നു . കൂട്ടത്തിൽ ഒട്ടും ഒഴിച്ച് കൂടാതായുള്ള മറ്റൊരാളുണ്ട് . അമ്പിളി . വാർത്തിങ്കൾ കണിവെക്കും രാത്രി എന്ന ഗാനം ആദ്യത്തെ നല്ലൊരു യുഗ്മഗാനമായി എടുക്കാം... വിദ്യാർത്ഥി എന്ന ചിത്രത്തിൽ വസന്തയോടൊപ്പം . ബി വസന്തയും സ്പഷ്ടമായ ഉച്ചാരണം കൊണ്ട് അനുഗ്രഹീതയായ അന്യഭാഷാ ഗായികയാണ് . തുടക്കകാലത്ത് നല്ലൊരു കൂട്ടായിരുന്നു ഇവർ. വാർതിങ്കൾ കണിവെക്കും രാത്രി ... വജ്രകുണ്ഡലം മണിക്കാതിലണിയും .... തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ ... കർപ്പൂരദീപത്തിൻ കാന്തിയിൽ ..... എന്നീ ഗാനങ്ങളിലൂടെ നമ്മളോർക്കും . ജാനകിയേക്കാളും , സുശീലയെക്കാളും , മാധുരി വഴിയാണ് ജയചന്ദ്രൻ ഗാനങ്ങൾക്ക് ശക്തമായ കൂട്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളത് . പുനർജ്ജന്മം ഇത് പുനർജ്ജന്മം എന്ന ഗാനത്തിലൂടെ അവർ ഒന്നിച്ചു .. ശേഷം ഒട്ടേറെ മധുരിതമായ ഗാനങ്ങൾ ഇവരേകി ... രൂപവതി നിൻ രുചിരാധരമൊരു ... മല്ലികാബാണൻ തന്റെ വില്ലൊടിഞ്ഞു ... മണിനാഗത്തിരുനാഗ യക്ഷിയമ്മേ ... സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ ... തിരുനെല്ലിക്കാട്ടിലോ ... ശിൽപികൾ നമ്മൾ .... തോട്ടേനെ ഞാൻ മനസ്സുകൊണ്ട് ... കൺമണിയെ ഉറങ്ങൂ .... ആകാശത്തിലെ നാലമ്പലത്തിൽ .... കസ്തൂരിമല്ലിക പുടവ ചുറ്റി ... ചക്കിക്കൊത്തൊരു ചങ്കരൻ .... പവിഴമല്ലീ നിന്റെ കപോലത്തിൽ ... അച്ഛൻ സുന്ദരസൂര്യൻ .... വാർമേഘ വർണ്ണന്റെ മാറിൽ ... എന്നീഗാനങ്ങളെങ്കിലും പറയാതെ വയ്യ . വലിയൊരോളം സൃഷ്ടിക്കുന്ന ശബ്ദകുമിളകൾ പൊട്ടുന്ന , മനസ്സിൽ വികാര വേലിയേറ്റം നടത്തിക്കുന്ന ഒത്തുചേരലാണ് ജയചന്ദ്രൻ- മാധുരി പാട്ടുകൾ .... സുശീലയും കഴിഞ്ഞേ ജാനകി യുഗ്മ ഗാനങ്ങൾ വരൂ .. ഒട്ടും മോശമല്ല ജാനകി -ജയചന്ദ്ര സംഗമവും ... സുശീലയോടൊപ്പം ... സീതാദേവി സ്വയംവരം ചെയ്തൊരു .... കിലുക്കാതെ കിലുങ്ങുന്ന ... യരുശലേമിലെ സ്വർഗദൂതാ ... പത്മതീർത്ഥകരയിൽ ... ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും,... വിലാസലോലുപയായി ... മന്ദഹാസമധുരദളം ... മഴ പെയ്തു പെയ്തു .... സ്വർഗ്ഗത്തിൻ നന്ദനപൂവനത്തിൽ ... മണിമേഘരഥമേറി .... എന്നിവയൊക്കെ തന്നെ ഓർമ്മയിൽ തെളിയുന്നവയാണ്. ഗാ യകന്റെ ശബ്ദത്തോടൊപ്പം അതെ ലെവലിൽ പാടി നിറഞ്ഞതാണ്... ജാനകീ എന്ന അതുല്യ ഗായികയോടൊപ്പം ജയചന്ദ്രൻ ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്... പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ... യമുനേ .. യദുകുല രതിദേവനെവിടെ ... മലരമ്പനറിഞ്ഞില്ല .... താരുണ്യപുഷ്പവനത്തിൽ .... മയിലിനെ കണ്ടൊരിക്കൽ .... കാലം തെളിഞ്ഞു .... അജന്താ ശില്പങ്ങളിൽ .... ഓരോ നിമിഷവുമോരോ നിമിഷവും... പൂവിരിഞ്ഞില്ല പൂവിൽ തേനുറഞ്ഞില്ല ... എല്ലാം ഓർമ്മകൾ .... ഏലം പൂക്കും കാലം വന്നു ... കറുത്ത തോണിക്കാരാ ..... മൗനം പോലും മധുരം ... ഈ ഗാനങ്ങളിലൊക്കെ ജയചന്ദ്രന് മികച്ച പിന്തുണയോടെ ജാനകി പാടിത്തെളിഞ്ഞിട്ടുണ്ട്.... ജാനകി- സുശീല എന്നിവർക്കിടയിൽ പല ഗായികമാരും തിളങ്ങാതെ പോയിട്ടുണ്ട്. ഇവരിൽ അമ്പിളി പിന്നെയും കുറെ കാലം പിടിച്ചു നിന്നു . അമ്പളി- ജയചന്ദ്രൻ കൂട്ടുകെട്ടിൽ കുറച്ചു നല്ല ഗാനങ്ങൾ ഉണ്ട്... കുഞ്ഞല്ലേ പിഞ്ചു കുഞ്ഞല്ലേ .... നീലത്തടാകത്തിലെ നീന്തൽ തടാകത്തിലെ... സന്ധ്യതൻ കവിൾ തുടുത്ത .... ഏറ്റുമാരൂരമ്പലത്തിൻ പരിസരത്ത് .... ശാരികത്തേൻമൊഴികൾ .... തിങ്കൾക്കല ചൂടിയ .. കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ ... എന്നിവയെങ്കിലും ഉണ്ട് അമ്പിളിയുടെ യുഗ്മഗാനങ്ങളിൽ പ്രിയതരമായത് .. പി ലീലയോടൊപ്പം ... മുല്ലമലർത്തേൻകിണ്ണം ... പഞ്ചവടിയിലെ വിജയശ്രീയോ ... എന്നതും ഓർമ്മിക്കേണ്ട ഗാനങ്ങളാണ്. കാറ്റുമൊഴുക്കും കിഴക്കോട്ട് ... എന്ന ഗാനത്തിലൂടെ ലത രാജു ആദ്യകാലത്ത് കൂട്ടായ് വന്നിരുന്നു. നിൻപദങ്ങളിൽ നൃത്തമാടിടും എന്ന പ്രസിദ്ധ ഗാനത്തിൽ ടി ആർ ഓമന എന്ന നടിയുടെ ശബ്ദമാണ് ചേർത്തിരിക്കുന്നത്... അമ്പലനടയിൽ ദ്വാദശി നാളിൽ...എന്നതിൽ മല്ലികയുടെ ശബ്ദവും ... സൽമ ജോർജിന്റെ കൂടെ എന്നെന്നും ഓർമ്മിക്കുന്ന ഒരു ഗാനം ജയചന്ദ്രൻ ചെയ്തിട്ടുണ്ട്. ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഉൾക്കടലിലെ ഗാനം.. ജാനകി- സുശീല എന്നിവർ നിലനിൽക്കെ തന്നെ മറ്റൊരു അന്യഭാഷാ ഗായിക കൂടി ഇവിടെ ഉദയം ചെയ്തു. വാണിജയറാം എന്ന തമിഴ് നാട്ടുകാരി . പാട്ടുകളുടെ ഒരു വസന്തകാലം കഴിഞ്ഞപ്പോഴാണ് ഇവരുടെ വരവ് . നിറസന്ധ്യകൾ ഒഴിഞ്ഞ കാലം..എന്നിട്ടും ഒട്ടേറെ ഗാനങ്ങൾ ഇവർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ജയചന്ദ്രനോടൊപ്പം ശബ്ദ സൗകുമാര്യത്തോടെ ഏറെ കാലം തുടർന്നു ഇവർ. പിന്നീട് ജയചന്ദ്രൻ എന്ന ഗായകന് ഒരു പുതു ജന്മം പോലെ 1983 ൽ മറ്റൊരു യുഗ്മഗാനവുമായി വരികയും ചെയ്തു... സ്വപ്നഹാരമണിഞ്ഞെത്തും ..... കണ്ണുനീരിനു റ്റാറ്റാ... സഹ്യഗിരിയുടെ മലർമടിയിൽ ... പാൽപൊഴിയും മൊഴി ... കുടുംബം സ്നേഹത്തിൻ പൊന്നമ്പലം .... കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം... വളകിലുക്കം കേൾക്കണല്ലോ ... കുറുനിരയോ മഴമഴ .... നാണം നിൻ കണ്ണിൽ ... പുഴയോരം കുയിൽ പാടി ... ശാലീന ഭാവത്തിൽ ചാരുത ചാർത്തി .... ശരത്കാലങ്ങൾ ഇതൾ ചൂടുന്നുവോ ... പാലാഴി പൂമങ്കേ .. ഓലഞ്ഞാലി കുരുവീ ... എന്നിവയിലൊക്കെ നിറഞ്ഞു നിൽക്കുന്നു ഇവരുടെ ഭാവവിലാസങ്ങൾ... പഴയ മറ്റു ഭാഷാ ഗായികമാർ അരങ്ങൊഴിഞ്ഞപ്പോൾ പിന്നീട് മലയാളീ ഗായികമാർ ആയി ജയചന്ദ്രന് കൂട്ട്. സുജാതയായാലും, ചിത്രയായാലും മികവിൽ മികച്ചതാക്കാൻ ഏറെ ശ്രമിച്ചിട്ടുമുണ്ട്. നാദങ്ങളായ് നീ വരൂ .... ഏദൻ താഴ്വരയിൽ .... പുലരി പൂക്കളാൽ നീ ... ശിശിരകാല മേഘ മിഥുന .... ദേവരാഗമേ .... പൊൻ കസവു ഞൊറിയും ... പൂവേ പൂവേ പാലപ്പൂവേ ... അറിയാതെ അറിയാതെ ... ചേലുള്ളവള്ളത്തിൽ .. പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ ... വട്ടയിലെ പന്തലിട്ട് ... നീ മണിമുകിലാടകൾ ... വിരൽ തൊട്ടാൽ വിരിയുന്ന ... ആര് പറഞ്ഞു...ആര് പറഞ്ഞു... ചിത്രമണിക്കാട്ടിൽ .... കണ്ണിൽ കണ്ണിൽ മിന്നും .... ഉറങ്ങാതെ രാവുറങ്ങി ... ഇവയൊക്കെ തന്നെ ചിത്രാ സൗരഭങ്ങൾ ... ജയചന്ദ്രൻ എന്ന ഗായകനെ ഉയരത്തിൽ എത്തിച്ച ഗാനങ്ങൾ !! വെള്ളാരം കിളികൾ ..... പ്രായം നമ്മിൽ മോഹം നൽകി... മറന്നിട്ടുമെന്തിനോ... ആരും കാണാതെ ... സ്വയംവര ചന്ദ്രികേ ... ആലിലക്കാവിലെ ... അഴകേ കൺമണിയെ ... വാവാവോ വാവേ... പുഴപാടുമീ പാട്ടിൽ ... കല്ലായിക്കടവത്ത് ... ആരാരും കാണാതെ... സുജാതയുടെ ശബ്ദമികവിൽ ജയചന്ദ്രൻ സ്വരം പൂത്തുലഞ്ഞ നാളുകൾ !!! കണ്ണിൽ കാശി തുമ്പകൾ ..( ഗായത്രി അശോകൻ ) കാട്ടാറിനു തോരാത്തൊരു ...( രാഖി ആർ നാഥ് ) പ്രേമിക്കുമ്പോൾ നീയും ഞാനും ( നേഹ നായർ ) എന്തിനെന്നറിയില്ല ( മഞ്ജരി ) മലർവാക കൊമ്പത്ത് ( രാജലക്ഷി അഭിരാം ) നിലാക്കുടമേ ( മിന്മിനി ) ശാരദാംബരം ചാരുചന്ദ്രിക ( ശില്പരാജ് , സിതാര ) ഇവരുടെ യുഗ്മഗാന സംഭാവനകളും പുതുകാലത്ത് ഇടറാത്ത ഗാനവീചികൾ പടർത്തുന്ന ഭാവഗായകന് തുണയായി ഭവിക്കുകയും ചെയ്തു... ഇനിയും കാലങ്ങളോളം ഈ ശബ്ദമിവിടെ ഉണ്ടാവും ... സോളോ ആയും ഇതേ പോലെ യുഗ്മഗാനങ്ങളായും ....
-------------------------------------
എഴുത്ത് : ഗിരീഷ് വർമ്മ ബാലുശ്ശേരി,
വര : മനോജ് പൂലാക്കൽ
0 Comments