പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ദർശനസായൂജ്യം നേടി ഭക്തജന ലക്ഷങ്ങൾ.




പത്തനംതിട്ട: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44നായിരുന്നു പൊമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിച്ചത്.
പൊന്നമ്പലമേട്ടിൽ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്. ഒരേമനസോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്‍റുകളും തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു.

മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്.

അവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടിൽ വെച്ച് ഘോഷയാത്രയെ സ്വീകരിച്ചു.
സോപാനത്തിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിക്കാനായത്.

ശബരിമലയിലെ വ്യൂപോയന്‍റുകളിലെല്ലാം തീര്‍ത്ഥാടകരാൽ നേരത്തെ തന്നെ നിറഞ്ഞിരുന്നു. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ശരണവിളികളാൽ മുഖരിതമായ ഭക്തിയുടെ നിറവിലാണ് സന്നിധാനം.
ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്. തിരുവാഭരണ ഘോഷയാത്ര പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലാണ് ഉച്ചയ്ക്കുശേഷം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മകരവിളക്ക് ദിവസം രണ്ട് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിലെത്തിയിട്ടുള്ളത്. ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്. ജനുവരി 15 മുതൽ 17 വരെ തിരുവാഭരണ ദർശനം ഉണ്ടായിരിക്കും.

Post a Comment

0 Comments