കടുവയുടെ വയറ്റിൽ രാധയുടെ കമ്മലും വസ്ത്രത്തിന്റെ ഭാ​ഗങ്ങളും; പോസ്റ്റുമോർട്ടം പൂർത്തിയായി.




വയനാട്: വയനാട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. കഴുത്തിലും ശരീരത്തുമുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമികനി​ഗമനം. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ കമ്മൽ, വസ്ത്രത്തിന്റെ ഭാ​ഗം, മുടി എന്നിവ കണ്ടെത്തി. ബത്തേരി കുപ്പാടിയിലെ കടുവപരിചരണ കേന്ദ്രത്തിലെത്തിച്ചായിരുന്നു പോസ്റ്റ്മോർട്ടം. കടുവയുടെ കഴുത്തിൽ നാല് മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകൾ ഇന്നലെ ഉൾവനത്തിൽ മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ചതാണെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെയാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. പുലർച്ചെ 12.30 ഓട് കൂടി പ്രദേശത്ത് കടുവയുടെ സാന്നിധ്യം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പിന്റെ സംഘവും അരുൺ സക്കറിയ അടക്കമുള്ളവരുടെ സംഘവും പ്രദേശത്ത് പട്രോളിങ് ആരംഭിച്ചു. 2.30ഓട് കൂടി കടുവയെ വീണ്ടും കണ്ടിരുന്നു. തുടർന്നും പരിശോധന നടത്തി. രാവിലെ റോഡിന്റെ വശത്തായാണ് കടുവയുടെ ജഡം കണ്ടത്. കടുവ ചത്തത് രാവിലെ നാല് മണിയോടെ ആയിരിക്കുമെന്നും കേരള ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.

ഞായറാഴ്ചയായിരുന്നു പഞ്ചാരക്കൊല്ലിയിൽ തോട്ടം തൊഴിലാളി രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതിനിടെയായിരുന്നു അക്രമണമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

Post a Comment

0 Comments