കോഴിക്കോട് : കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം പുതിയ കാഴ്ചകൾ കാണാനും സംവാദങ്ങൾ കേൾക്കാനുമായി ബീച്ചിലേക്ക് ജനമൊഴുകിയെത്തി. യുവാക്കളും വിദ്യാർഥികളും വേദികളിൽ കേൾവിക്കാരും ആസ്വാദകരുമായി നിറഞ്ഞു.
കുട്ടികളോടൊപ്പം കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും നടൻ പ്രകാശ് രാജാണ് രണ്ടാം ദിനത്തിലെ സെഷനുകൾക്ക് തുടക്കമിട്ടത്. വീടുകളിൽ കുട്ടികൾക്കായി ഗ്രന്ഥശാലകൾ ഒരുക്കണമെന്നും കുട്ടികളോടൊപ്പം ഇരുന്ന് വായിക്കാനും കഥകൾ പറഞ്ഞുകൊടുക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, അശോകൻ ചരുവിൽ തുടങ്ങിയവർ പങ്കെടുത്ത 88 സെഷനുകൾ വിവിധ വേദികളിലായി നടന്നു.
ട്രാൻസ് വ്യക്തിയായതിനാൽ ബാല്യം മുതൽ സമൂഹത്തിൽനിന്ന് നേരിട്ടത് അതിക്രമങ്ങളും അവഗണനകളുമായിരുന്നെന്നും അതിൽനിന്നുള്ള മോചനത്തിനായാണ് എഴുത്ത് തെരഞ്ഞെടുത്തതെന്നും എഴുത്തുകാരിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സാന്റ കുറായ് പറഞ്ഞു. "ദ യെല്ലോ സ്പാരോ’: "ഒരു ട്രാൻസ് ജെൻഡറിന്റെ ഓർമക്കുറിപ്പ്' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷികളായവരെ അറിയാതെ പോകുകയാണെന്നും അവരുടെ ത്യാഗത്തെ അപമാനിക്കാതെ ഗൗരവത്തോടെ കാണണമെന്നും എഴുത്തുകാരി സുധ മേനോൻ പറഞ്ഞു. സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നോടെയാണ് സാഹിത്യോത്സവത്തിന്റെ രണ്ടാം നാൾ അവസാനിച്ചത്.
കെഎൽഎഫിൽ ഇന്ന്
ശനിയാഴ്‌ച നൂറിലധികം സെഷനുകൾ അക്ഷരം, ഗ്രന്ഥം, തൂലിക, കഥ, എഴുത്തോല, വാക്ക്, വായന എന്നീ ഏഴ് വേദികളിലായി നടക്കും. ബുക്കർ പ്രൈസ് ജേതാക്കളായ ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ജോർജി ഗൊസ്-പോഡിനോവ്, നൊബേൽ സമ്മാനജേതാവ് വെങ്കി രാമകൃഷ്ണൻ, സംവിധായിക അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുക്കും.
0 Comments