കോഴിക്കോട് :
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട് ബീച്ചിൽ വച്ച് നടക്കും.ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സാഹിത്യത്തിന്റെയും സംസ്കാരത്തിൻ്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എൽ.എഫിൽ 15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് പാളയം അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ സംഘടക സമിതി ചെയർമാൻ പ്രദീപ് കുമാർ, ജനറൽ കൺവീനവർ എ കെ അബ്ദുൾ ഹക്കീം, ചീഫ് ഫെസിലിറ്റേറ്റർ രവി ഡി സി, പ്രോഗ്രാം കൺവീനർ കെ വി ശശി എന്നിവർ സംസാരിച്ചു.
6,00,000 പേരെയാണ് കാണികളായി പ്രതീക്ഷിക്കുന്നത്. ആശയം, സംസ്കാരം, കല എന്നിവയുടെ സംഗമവേദിയായി മാറുന്ന ഈ വേദിയിൽ സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ഇത്തവണ ഭാഗമാകും.
ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാനജേതാക്കളുടെ സാഹിത്യവൈഭവം ഫെസ്റ്റിവലിനെ സന്‌പുഷ്ടമാക്കും. ഇതാദ്യമായാണ് ആറ് ബുക്കർ സമ്മാനജേതാക്കൾ ഒന്നിച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്‌തർ ഡുഫ്ലോ എന്നിവരും കെ.എൽ.എഫിനെ ബൗദ്ധികസംവാദങ്ങളുടെ വേദിയായി ഉയർത്തും. കലാസാംസ്കാരികമായ പൈതൃകം വിളിച്ചറിയിച്ചുകൊണ്ടാണ് ഇത്തവണത്തെ അതിഥിരാജ്യമായ ഫ്രാൻസ് എത്തുന്നത്.
ഫിലിപ്പ് ക്ലോഡൽ, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്‌താവ്സൺ, സെയ്‌ന അബിറാച്ചെഡ് തുടങ്ങിയവരാണ് ഫ്രാൻസിൻ്റെ വൈവിധ്യങ്ങളായ കലാപാരന്‌പര്യത്തെ പ്രതിനിധീകരിക്കുന്നത്.
ജൂലി സ്റ്റീഫൻ ചെങ്, തിമോത്തി ഡി ഫോംബെല്ലെ. ഫ്രെഡ് നോവ്ചെ എന്നിവരുടെ സംഭാവനകൾ സാഹിത്യം, ചരിത്രം, കല എന്നീ മേഖലകളിലെ ചർച്ചകളെ ഉന്നതിയിലെത്തിക്കും. കെ.എൽ. എഫിലേക്കുള്ള ഫ്രഞ്ച് പ്രതിനിധികളുടെ വരവ് സഹകരണത്തിനും സാംസ്കാരികവിനിമയത്തിനുമുള്ള കാരണമാകും. ഇവരെ കൂടാതെ ഇന്ത്യയിലെ പ്രശസ്‌തരായ സാഹിത്യകാരന്മാരും കലാകാരന്മാരും വേദി അലങ്കരിക്കും.
ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടൻ നസറുദ്ദീൻ ഷാ, നടി ഹുമ ഖുറേഷി, വയലിൻ മാന്ത്രികൻ എൽ. സുബ്രഹ്മണ്യം, പുല്ലാങ്കുഴൽ വിദഗ്‌ധൻ ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ പ്രമുഖർ തങ്ങളുടെ വൈദഗ്ധ്യം പങ്കുവെക്കും.
ഇറാ മുഖോട്ടി, മനു എസ്. പിള്ള, അമിത് ചൗധരി, എബ്രഹാം വർഗീസ് തുടങ്ങിയ പ്രശസ്‌തരായ എഴുത്തുകാർ ചരിത്രാഖ്യാനങ്ങൾ മുതൽ ആധുനീക സാഹിത്യംവരെ വിഷയങ്ങളിൽ ചർച്ച നടത്തും.
നോർവീജിയൻ നോവലിസ്റ്റ് ഹെൽഗ ഫ്ലാറ്റ്ലാൻഡ്, ന്യൂസിലാൻഡിൽ നിന്നുള്ള കാതറിൻ ചിഡ്‌ജി തുടങ്ങിയ അന്തർദേശീയ ശബ്ദങ്ങളുടെ പങ്കാളിത്തം ഫെസ്റ്റിവലിൻ്റെ ആഗോളആകർഷണം കൂടുതൽ വർദ്ധിപ്പിക്കുന്നു.
ഫെസ്റ്റിവലിന് മാറ്റുകൂട്ടുന്ന കലാസാംസ്‌കാരികപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉസ്താദ് വസീം അഹമ്മദ് ഖാൻ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്‌താദ് മുഖ്ത്യാർ അലി എന്നിവരുടെ സാന്നിദ്ധ്യം സാഹിത്യവും സംഗീതവും സമന്വയിക്കുന്ന സർഗ്ഗാത്മകതയുടെ ആഘോഷമാകും.
വൈവിധ്യങ്ങളുടെയും സംവാദങ്ങളുടെയും യഥാർത്ഥ ആഘോഷമാണ് കെ. എൽ. എഫെന്ന് ഫെസ്റ്റിവലിൻ്റെ ചീഫ് ഫെസിലിറ്റേറായ രവി ഡി സി പറഞ്ഞു. "വിവിധ വിഭാഗങ്ങളിലായി ലോകമെൻപാടുമുള്ള പ്രശസ്‌തരെ വേദിയിലേക്കെത്തിക്കുന്നതിലൂടെ അതിർത്തിക്കപ്പുറമുള്ള ചിന്തകളെയും സംവാദങ്ങളെയും വളർത്താനും മനസിലാക്കാനും കഥപറച്ചിലെന്ന സാർവത്രികശക്തിയെ ആഘോഷിക്കാനുമാകും. ഇത്തവണത്തെ ഫെസ്റ്റിവൽ ഏവരെയും ആകർഷിക്കുന്നതാകും' അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനായി കഥപറച്ചിൽ, ശിൽപ്പശാലകൾ, ഇൻ്റർ ആക്‌ടീവ് സെഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. അതേസമയം ആഗോള പ്രശ്‌നങ്ങൾ, ശാസ്ത്രം, പുരാതന തത്വചിന്ത തുടങ്ങി വിവിധ വിഷയങ്ങളുടെ ചർച്ചകളാൽ വേദി സമ്പന്നമാകും.
കെ. കെ. കൊച്ചിന്റെ ദലിതൻ- ആൻ ഓട്ടോബയോഗ്രഫി, രാഹുൽ ഭാട്ടിയയുടെ ദി ഐഡന്റിറ്റി പ്രോജക്‌ട് തുടങ്ങിയവയാണ് നോൺ ഫിക്ഷൻ വിഭാഗത്തിലുൾപ്പെട്ടിട്ടുള്ളത്.
ജീത്ത് തയ്യിൽ, മീന കന്തസാമി, ജെറി പിന്റോ, മൃദുല കോശി, സതീഷ് പത്മനാഭൻ, അക്ഷയ മുകുൾ തുടങ്ങിയവരാണ് ജൂറി അംഗങ്ങൾ. വിജയികളെ ജനുവരി 25ന് നടക്കുന്ന അവാർഡുദാന ചടങ്ങിൽ പ്രഖ്യാപിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും മെമൻ്റോയും ലഭിച്ചു.
എസ്‌തർ ഡുഫ്ലോ പങ്കെടുക്കുന്ന സെഷനും ബാല സാഹിത്യത്തിൽ ആഗോളപ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉൾക്കാഴ്‌ചകൾ നൽകി കുട്ടികളുടെ മനസിനെ പാകപ്പെടുത്തേണ്ടതിനെകുറിച്ചും ചർച്ച ചെയ്യും. ധന്യ രാജേന്ദ്രൻ മോഡറേറ്ററാകും.
0 Comments