കൊയിലാണ്ടി ശ്രീ മുതുവോട്ട് ക്ഷേത്രത്തിൽ ഇന്നാണ് (മാർച്ച്‌ 9) ഉത്സവം.





കൊയിലാണ്ടി: കൊയിലാണ്ടി - മുത്താമ്പി- കാവുംവട്ടം റൂട്ടില്‍ 2 കി.മി ദൂരം. മുതുവോട്ട് പുഴയ്ക്ക് സമീപത്തായി മൂഴിക്ക്മീത്തല്‍ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
'കരിയാത്തന്‍' 'കണ്ണിക്കല്‍ കരുമകന്‍' എന്നീ ദേവതകളെയാണ് പുരാതനമായി ഇവിടെ കുടിവെച്ചിരുന്നത്. 'മാറപ്പുലി ദൈവം' പില്‍കാലത്ത് ക്ഷേത്രസങ്കേതത്തില്‍ എത്തിച്ചേര്‍ന്ന് മറ്റുള്ള രണ്ടു മൂര്‍ത്തികളോടൊപ്പം അതേ പീഠത്തില്‍ തന്നെ കുടി കൊണ്ടതാണ്.
പൂര്‍വ്വീകം നിശ്ചയിക്കപ്പെട്ടിട്ടുള്ള ചടങ്ങുകളും അനുഷ്ഠാനങ്ങളും തികഞ്ഞ ചിട്ടയോടെയും അത്യന്തം ഭക്ത്യാദരപൂര്‍വ്വവും കൊണ്ടാടുന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. എല്ലാ വര്‍ഷവും കുംഭമാസം 25 ന് ക്ഷേത്രത്തില്‍ തിറയാട്ടത്തോടുകൂടിയുള്ള ഉത്സവം.
കരിയാത്തന്‍, കണ്ണിക്കല്‍ കരുമകന്‍, മാറപ്പുലി ദൈവങ്ങളുടെ വെള്ളാട്ടം, വെള്ളകെട്ട്, ഈ മൂന്ന് മൂര്‍ത്തികളുടേയും തെയ്യകോലം. ഇതാണ് ഉത്സവത്തിന്‍െറ മുഖ്യ അനുഷ്ഠാനം. അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നുള്ള താലപ്പൊലി, ആശാരിക്കളി, മലയര്‍കളി, ഇളനീര്‍കുലവരവ് എന്നീ ചടങ്ങുകളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. മൂന്ന് ദേവതാസങ്കല്‍പങ്ങള്‍ക്കു പുറമെ ധര്‍മ്മഭഗവതിയും, കാഞ്ഞിറത്തറയില്‍ കുടികൊള്ളുന്ന യതിശ്രേഷ്ഠന്‍െറ സങ്കല്പവുമുണ്ട്.അയ്യപ്പന്‍കാവില്‍ നാഗവും, അയ്യപ്പനും കുടികൊള്ളുന്നു.
കരിയാത്തന്‍ -
--------------
കേശധാരിയായി, ചുകന്ന കണ്ണുകളും മയില്‍പ്പീലി കിരീടവുമായി പ്രത്യക്ഷമാവുന്ന ഈ ദേവനെ ശിവനെന്നോ, ശിവാംശമെന്നോ കരുതി ആരാധിക്കുന്നു.
കണ്ണിക്കല്‍ കരുമകന്‍ -
--------------------
കരിയാത്തന്‍െറ സന്തസഹചാരിയായി കൂടെയുണ്ട്. തെയ്യകോലത്തില്‍ വരുമ്പോള്‍ കരിയാത്തനുമായി മുഖത്തെഴുത്തിലും ഉടുത്തുകെട്ടിലും ഒട്ടേറെ സാദൃശ്യങ്ങള്‍ കാണാം .
മാറപ്പുലി -
----------
മാറപ്പുലിയുടെ കോലരൂപം പുലിത്തെയ്യമാണ്. വീരാരാധനയുടെ കാല്പനിക വകഭേദമാണ് പുലിത്തെയ്യങ്ങള്‍. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ പുലിദൈവങ്ങളേയും കെട്ടിയാടിക്കാറില്ല. വീരന്‍മാര്‍ക്ക് പൊതുവായി കാണുന്ന ഉടുത്തുകെട്ടും ചെറിയ മുടിയും, മേലാസകലം പുള്ളികളും ,പുലികളുടെ പ്രത്യേകത എടുത്തുകാട്ടും വിധം വാലുകള്‍ പിടിപ്പിച്ചതുമാണ് മാറപ്പുലിയുടെ തെയ്യരൂപം.
ശിവനും പാര്‍വ്വതിയും അവരുടെ ആറു മക്കളും ചേര്‍ന്നതാണ് പുലിത്തെയ്യങ്ങള്‍. മാറപ്പുലി, കണ്ടപുലി, കാളപുലി, പുലിമാരുതന്‍, പുലിയൂര് കണ്ണന്‍,പുലിയൂര് കാളിയും ,അച്ഛനായ പുലികണ്ടനും ,അമ്മ പുള്ളികരിങ്കാളിയും ചേര്‍ന്നതാണ് പുലിത്തെയ്യങ്ങള്‍.
പണ്ട് ശിവ പാര്‍വ്വതിമാര്‍ തുളു വനത്തില്‍ എത്തിയെന്നും കാനനഭംഗിയില്‍ മതിമറന്ന് പുലികളായി മാറിയെന്നും, അവര്‍ക്ക് പിറന്നതാണ് ആറു മക്കളെന്നും എെതിഹ്യം.
ക്ഷേത്ര കുടുംബക്കാരുടെയും നാട്ടുകാരുടേയും ആരാധനമൂര്‍ത്തിയാണ് മാറപ്പുലി. സുഖത്തിലും ദുഃഖത്തിലും ശക്തിയായും സാന്ത്വനമായും ഇവരുടെ കൂടെയുണ്ട്.ക്ഷേത്രോത്സവത്തിന് എല്ലാവരും ഇവിടെ ഒത്തുചേരുന്നു. കൊടിതോരണങ്ങള്‍കൊണ്ട് നിറഞ്ഞ ഗ്രാമം. വാക്കുകള്‍ക്കതീതമാണ്. കണ്ടറിയണം, അനുഭവിച്ചറിയണം ഈ ഉത്സവം. ഒരിക്കല്‍ വന്നവര്‍ അടുത്തവര്‍ഷവും ഇവിടെയെത്തുന്നു എന്നതുതന്നെയാണ് ക്ഷേത്രചൈതന്യത്തിന്‍െറ പ്രസക്തി..- ' ''കനലുകളെരിയുന്ന ഹൃദയങ്ങളില്‍
സ്നേഹചൈതന്യപ്രവാഹമായ്
മാറപ്പുലിയനുഗ്രഹം നല്‍കുമ്പോള്‍
ജന്മാന്തരങ്ങളും സഫലമായി....''
--------------------------

Post a Comment

0 Comments