സി.പി.ഐ എം സംസ്ഥാന സമ്മേളന സമാപനം ഇന്ന് ; ബഹുജന റാലിയും ചുവപ്പു സേനാ മാർച്ചും കൊല്ലം നഗരത്തെ ചുവപ്പണിയിക്കും.



കൊല്ലം: സിപിഐ എം സംസ്ഥാനസമ്മേളനത്തിന് ഇന്ന്  സമാപനം.പാർടിയുടെ ബഹുജനപിന്തുണയും കരുത്തും വിളിച്ചോതുന്ന ഉജ്വലറാലിയും കാൽലക്ഷം പേർ പങ്കെടുക്കുന്ന  ചുവപ്പുസേനാ മാർച്ചും വൈകീട്ട്ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിലേക്ക്‌ എത്തും.

വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം ആരംഭിക്കും. പിബി കോഓർഡിനേറ്റർ പ്രകാശ്‌ കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും. മൂന്നുദശാബ്ദത്തിന്‌ ശേഷം കൊല്ലം ആതിഥ്യമരുളിയ സമ്മേളനത്തിന്റെ മികവെല്ലാം പ്രകടമാക്കി രണ്ടുലക്ഷത്തോളം ബഹുജനങ്ങൾ സമാപനറാലിയുടെ ഭാഗമാകും. ക്യൂഎസി ജങ്‌ഷൻ, ഹൈസ്‌കൂൾ ജങ്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്‌ ചുവപ്പുസേനാ മാർച്ച്‌ ആരംഭിക്കുന്നത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആയിരങ്ങൾ കൊല്ലത്തേക്ക്‌ ഒഴുകുകയാണ്‌. ശനിയാഴ്‌ച ആറ്‌ വനിതകൾ ഉൾപ്പെടെ 27 പേർ വികസനരേഖയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. 

ഞായറാഴ്‌ച രാവിലെ പ്രതിനിധിസമ്മേളനത്തിൽ ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ വികസനരേഖയുടെ ചർച്ചയ്ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയും. തുടർന്ന്‌ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പാർടികോൺഗ്രസ്‌ പ്രതിനിധികളെയും തെരഞ്ഞെടുക്കും. പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന്‌ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

Post a Comment

0 Comments