നന്മണ്ട ഫെസ്റ്റിന്റെ ഭാഗമായിസര്‍ഗ സായാഹ്നം സംഘടിപ്പിച്ചു.



നന്മണ്ട: വൈജാത്യങ്ങളിലെ ഏകത്വം അപ്രസക്തമാക്കി മത കേന്ദ്രീകൃതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും മാനവികതയെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഡോ. പി.കെ. ഗോപന്‍ പറഞ്ഞു.. ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നന്മണ്ട ഫെസ്റ്റിന്റെ ഭാഗമായുള്ള സര്‍ഗ്ഗ സായാഹ്നത്തില്‍ 'മതനിരപേക്ഷതയും മാനവികതയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മതവും മാനവികതയുടെ സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ തന്റെ മതവും ജാതിയും മാത്രമാണ് ഉല്‍കൃഷ്ടമെന്ന ചിലരുടെ ചിന്തയാണ് ഇന്ന് മാനവികതയെ ഇല്ലാതാക്കാനും  മതത്തിന്റെയും ജാതിയുടെയും  പേരിലുള്ള ഭിന്നിപ്പിന്  ഇടയാക്കുന്നതെന്നും ഇതിനെതിരെ മനുഷ്യരുടേതായ പ്രതിരോധം വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.  
             സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗം മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെ പരിപാടിയില്‍ ആദരിച്ചു. ഡോ. ആതിര ചന്ദ്രന്‍, ഡോ. പി. ശ്രുതി, ഡോ. വാണിശ്രീ ശശിധരന്‍, ഡോ. ഷില്‍ന വേവറമ്മല്‍, ഡോ. സുധീഷ് മീത്തലെ വീട്ടില്‍, ഹമീദ് പൊട്ടന്‍ കുന്നുമ്മല്‍, ആര്‍ദ്ര സുസ്മിത്ത്,, ഏരത്ത് കണ്ടി ലോഹിതാക്ഷന്‍ എന്നിവര്‍ ആദരവ് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി അധ്യക്ഷത വഹിച്ചു.കെ.സി. അബൂബക്കര്‍ മാസ്റ്റര്‍,  ലീല പാടിക്കര, എം.പി. മോഹനന്‍, പി.എം. ഷിജു, പി.ഡി. പ്രനില്‍ ലാല്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി കെ.ആര്‍. ഷാജ് കുമാര്‍ സ്വാഗതവും കെ. മോഹനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ' പ്രദേശത്തെ കലാകാരികളും കലാകാരന്മാരും അണിനിരന്ന നാട്ടുണര്‍വ്വ് അരങ്ങേറി.
         ഇന്ന്  വൈകീട്ട് അഞ്ച് മണിക്ക്  'അതിരുകള്‍ മാറ്റി വരയ്ക്കുന്ന പെണ്‍ജീവിതങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. കെ.പി.എന്‍ അമൃത പ്രഭാഷണം നടത്തും. തുടര്‍ന്ന് ത്രിശംഖ് തൃശൂര്‍ അവതരിപ്പിക്കുന്ന ഇരുപത്തിനാല് ചെണ്ട കലാകാരന്മാരും കീബോര്‍ഡ്,  കംപോസര്‍ എന്നിവര്‍ അണി നിരക്കുന്ന വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും. ദേശീയ നാടന്‍പാട്ട് മത്സരത്തിലെ വിജയികളായ കേരള ടീം അംഗങ്ങള്‍ പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടാവും.

Post a Comment

0 Comments