ജാര്‍ഖണ്ഡില്‍ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം.




റാഞ്ചി: ജാർഖണ്ഡില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്.നാല് പേർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ എത്തിയതോടെയാണ് അപകടമുണ്ടായത്.

കൂട്ടിയിടിക്ക് പിന്നാലെ കല്‍ക്കരിയുമായി എത്തിയ ട്രെയിന്റെ തീ പിടിക്കുകയും ബോഗികള്‍ പാളം തെറ്റുകയുമായിരുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഭർഹെയ്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോഗ്നാദി മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ റെയില്‍വേ ട്രാക്കുകള്‍ എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. വൈദ്യുതി പ്ലാൻറുകളിലേക്ക് കല്‍ക്കരി അടക്കമുള്ളവ എത്തിക്കാനായാണ് ഈ ട്രാക്കിലൂടെയുള്ള ഗതാഗതം.

ഏഴ് പേരാണ് അപകട സമയത്ത് എൻജിനില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് ലോക്കോ പൈലറ്റുമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. ഒരാള്‍ ഇപ്പോഴും എൻജിനില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ ഭർഹേത് സാദർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 32 വയസ് പ്രായമുള്ള അംബുജ് മഹതോ, ഗ്യാനേശ്വർ മാല്‍ എന്നിവരാണ് മരിച്ചത്. ബൊക്കാറോ സ്വദേശിയാണ് അംബുജ്, മുർഷിദാബാദ് സ്വദേശിയാണ് ഗ്യാനേശ്വർ. കണ്‍ട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെന്നാണ് എൻടിപിസി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.

Post a Comment

0 Comments