കാലിക്കറ്റ് സർവകലാശാലാ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ (FYUG) പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ജൂൺ 9 ന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 311 കോളേജുകളിലേക്കാണ് പ്രവേശനം ഇതിൽ 35 ഗവ. കോളേജുകൾ, 47 എയ്ഡഡ് കോളേജുകൾ, 219 സ്വാശ്രയ കോളേജുകൾ, സർവകലാശാലയുടെ 10 സ്വാശ്രയ സെന്ററുകൾ എന്നിവയാണ് ഉള്ളത്.
ബി.എ. 47, ബി.എസ്.സി. 37, ബി.കോം. 5, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകൾ.
ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUG-REGULATIONS-2024-ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്‌ഷനുകളിൽ പഠനം പൂർത്തീകരിക്കാം.
(എ) 3 വർഷത്തെ യുജി ബിരുദം,
(ബി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ്)
(സി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത് റിസർച്ച്).
2025-26 അധ്യയന വർഷ പ്രവേശനം മുതൽ ബി.കോം., ബി.ബി.എ. എന്നിവയുൾപ്പെടെ എല്ലാ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾക്കും സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കും. വിവിധ കോളേജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷ്യലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതത് കോളേജുകളുടെ വെബ്സൈറ്റിൽ / നോട്ടീസ് ബോർഡിൽ ലഭ്യമാണ്. ഓൺലൈൻ രജിസ്‌ട്രേഷന് വിദ്യാർത്ഥികൾക്ക് 20 ഓപ്‌ഷൻ വരെ നൽകാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള / ആഗ്രഹിക്കുന്ന ഓപ്‌ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
സെൽഫ് ഫിനാൻസിങ് കോഴ്സുകളുടെ ഫീസ് എയ്ഡഡ് / ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നു വ്യത്യസ്തമായിരിക്കും.
കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിക്കേണ്ടവർ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തിയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്‍ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റ്‍ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്.പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ്‍മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. മാനേജ്‍മെന്റ്, സ്പോർട്ട്സ് എന്നീ ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
0 Comments