കൊളത്തൂർ: കൊളത്തൂരിലുള്ള
നന്മണ്ട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപയും, നന്മണ്ട ഗ്രാമപഞ്ചായത്ത് 20,85,000 രൂപയും, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും ഉൾപ്പെടെ 12585000 രൂപ ചെലവിൽ നിർമ്മിച്ചതാണ് ഈ ആശുപത്രി. ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് കൊളത്തൂരപ്പൻ ക്ഷേത്രത്തോട് ചേർന്നായിരുന്നു. പിന്നീട് കൊളത്തൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ഗുരുരാനന്ദ സ്വാമികൾ മുൻകൈ എടുത്ത് കൊളത്തൂർ എജുക്കേഷൻ സൊസൈറ്റിയിൽ നിന്ന് സൗജന്യമായി വാങ്ങിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. ശേഷം പ്രാഥമിക ആരോഗ്യ കേന്ദ്രമായി. കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ കുടുംബാരോഗ്യ കേന്ദ്രമായി ഉദ്ഘാടനം നിർവഹിച്ചു. ഒ പി സമയം വൈകുന്നേരം 6 മണി വരെയും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി . കൂടാതെ പെയിന്റ് പാലിയേറ്റീവ് പ്രവർത്തനത്തിന് ഹോം കെയർ സംവിധാനം ഒരുക്കുന്നതിന് മന്ത്രിയുടെ ഒരു ആംബുലൻസ് ആരോഗ്യ കേന്ദ്രത്തിന് ലഭ്യമായിട്ടുണ്ട്. കുടിവെള്ള സംവിധാനത്തിന് മംഗലശ്ശേരി നാരായണസ്വാമി ആശുപത്രി സ്ഥലത്ത് ഒരു കിണർ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഈ കെട്ടിടത്തിലെ ഒന്നാം നിലയിൽ മറ്റു അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് നവകേരള സദസിന്റെ ഭാഗമായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റും പ്ലാനും പിഡബ്ല്യുഡി എൻജിനീയർ സമർപ്പിച്ചിട്ടുണ്ട്.ഇത് പൂർത്തീകരിക്കുന്നതോടു കൂടി എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രിയായി മാറും.
കൊളത്തൂരിലെയും സമീപപ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങൾക്ക് ജാതിമത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് മുന്നിൽ നിന്ന് പ്രവർത്തിച്ച സ്വാമി ഗുരുവരാനന്ദയുടെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന് 'സ്വാമി ഗുരുരാനന്ദ മെമ്മോറിയൽ ഇമ്മ്യൂണൈസേഷൻ ബ്ലോക്ക് ' എന്ന് നാമകരണം നൽകി ആദരിച്ചിട്ടുണ്ട്. പ്രസ്തുത ചടങ്ങിൽ ബഹു നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ മുഖ്യ അതിഥിയായി. ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിദാസൻ ഈച്ചറോത്ത്, റസിയ തോട്ടായി, പ്രതിഭ രവീന്ദ്രൻ, കുണ്ടൂർ ബിജു, വിജിത കണ്ടി കുന്നുമ്മൽ, ഡോ.ശീതൾ, പി. ബാലൻ, സി.രാജീവൻ, എം ഇ ഗംഗാധരൻ, എം. ബൈജു, ഒ.പി മൂസക്കോയ, എന്നിവർ ആശംസകൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. കെ രാജൻ മാസ്റ്റർ സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ.രോഷ്നി പി.ടി നന്ദി പറഞ്ഞു.
0 Comments