സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ 2025-26 അധ്യയന വർഷത്തെ റെഗുലർ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ജൂൺ 12നകം അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ഐ.എച്ച്.ആർ.ഡി/ കേപ്പ്/ എൽ.ബി.എസ് അഫിലിയേറ്റഡ് പോളിടെക്നിക്കുകളിൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ് സ്ട്രീമുകളിലാണ് പഠനാവസരം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.polyadmission.orgൽ ലഭിക്കും.രജിസ്ട്രേഷൻ ഫീസ് 200 രൂപ. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 100 രൂപ മതി. ഗവൺമെന്റ്/എയിഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്കും എൻ.സി.സി ക്വോട്ട സീറ്റുകളിലേക്കും സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കും മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
108 പോളികളിലായി ആകെ 28,000ത്തിലേറെ സീറ്റുണ്ട്. എയിഡഡ് പോളിടെക്നിക് കോളജുകളിലെ 15 ശതമാനം, സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ അതത് മാനേജ്മെന്റുകൾ പ്രോസ്പെക്ടസിലെ വ്യവസ്ഥകൾക്ക് വിധേയമായി നേരിട്ട് പ്രവേശനം നടത്തും. സർക്കാർ വനിത പോളിടെക്നിക് കരമന, തിരുവനന്തപുരം; ഗവൺമെന്റ് പോളിടെക്നിക് കളമശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ബധിര (ഹിയറിങ് ഇംപയേഡ്) വിദ്യാർഥികൾക്കായി പ്രത്യേക ബാച്ചുകൾ ലഭ്യമാണ്.പ്രവേശന യോഗ്യത: കേരളീയർക്കും കേരളീയേതര വിഭാഗങ്ങളിൽപെടുന്നവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അടക്കമുള്ള ശാസ്ത്രവിഷയങ്ങൾ പഠിച്ച് എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/തത്തുല്യ പരീക്ഷ ഉപരിപഠനത്തിനർഹതയോടെ പാസായവർക്കാണ് അവസരം. യോഗ്യത പരീക്ഷ രണ്ട് ചാൻസിനുള്ളിൽ വിജയിച്ചിരിക്കണം. ബെറ്റർമെന്റ്/സേവ് എ ഇയർ പരീക്ഷയെ ചാൻസായി പരിഗണിക്കില്ല. യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ/ഗ്രേഡിന്റെ മെറിറ്റ് അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പ്രോസ്പെക്ടസിലുണ്ട്. താൽക്കാലിക റാങ്ക്ലിസ്റ്റിനോടോപ്പം ട്രയൽ അലോട്ട്മെന്റ് ലിസ്റ്റും വെബ്സൈറ്റിൽ പ്രദർശിപ്പിക്കും.പ്രവേശനം ഏകജാലകം വഴി പോളിടെക്നിക് കോളജുകളിൽ വിവിധ പ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴി കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റാണ്. റാങ്ക്ലിസ്റ്റിലുള്ളവർക്ക് കോളജുകളും കോഴ്സുകളും ഉൾപ്പെടുത്തി പരമാവധി 30 ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണ ചട്ടങ്ങൾ പാലിച്ചാവും സീറ്റ് അലോട്ട്മെന്റ് നടത്തുക. രണ്ട് മുഖ്യ അലോട്ട്മെന്റുകളുണ്ടാവും. അലോട്ട്മെന്റ് ലിസ്റ്റ് അഡ്മിഷൻ പോർട്ടലായ www.polyadmission.orgൽ യഥാസമയം പ്രസിദ്ധപ്പെടുത്തും. ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷനുണ്ടാകും.ഫസ്റ്റ് ഓപ്ഷൻ പരിഗണിച്ച് അലോട്ട്മെന്റ് ലഭിക്കുന്നവർ നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടണം. അലോട്ട്മെന്റിൽ തൃപ്തരല്ലെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച് ലഭ്യമായ സീറ്റ് നിലനിർത്തിക്കൊണ്ടുതന്നെ അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷനായി കാത്തിരിക്കാം. ഫൈനൽ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റിൽ പ്രവേശനം നേടാത്തപക്ഷം റദ്ദാകും. പിന്നെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷനെ ആശ്രയിക്കേണ്ടിവരും.പ്രവേശന സ്ഥാപനങ്ങളും കോഴ്സുകളും നടപടിക്രമങ്ങളും സംവരണവുമെല്ലാം പ്രോസ്പെക്ടസിൽ ലഭിക്കും.പ്രധാന തീയതികൾ രജിസ്ട്രേഷൻ ഫീസ് അടക്കാനുള്ള അവസാന തീയതി- ജൂൺ 10; ഓൺലൈൻ അപേക്ഷ ജൂൺ 12 വരെ, പ്രൊവിഷനൽ റാങ്ക്ലിസ്റ്റ്, ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന തീയതി -ജൂൺ 18.
അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനുള്ള അവസരം- 21 വരെ, ഫൈനൽ റാങ്ക്ലിസ്റ്റും ഫസ്റ്റ് അലോട്ട്മെന്റും -ജൂൺ 25ന്; പ്രവേശനം- ജൂൺ 30നകം, രണ്ടാം അലോട്ട്മെന്റ് -ജൂലൈ 5ന്, പ്രവേശനം 10നകം; ക്ലാസുകൾ 23ന് തുടങ്ങും; ഫസ്റ്റ് സ്പോട്ട് അഡ്മിഷൻ ജൂലൈ 28 മുതൽ ആഗസ്റ്റ് ഒന്നുവരെ; രണ്ടാമത്തെ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7-12 വരെ; പ്രവേശനം അവസാനിക്കുന്നത് ആഗസ്റ്റ് 14ന്. ഫീസ് ഘടന ഗവൺമെന്റ്/എയിഡഡ് പോളിടെക്നിക്കുകൾ-പ്രവേശന ഫീസ് 275 രൂപ, സെമസ്റ്റർ ട്യൂഷൻ ഫീസ് 1015 രൂപ, വാർഷിക സ്പെഷൽ ഫീസ് 955 രൂപ, മറ്റു പലവക ഇനങ്ങളിൽ വർഷത്തിൽ 620 രൂപ, സ്റ്റുഡന്റ് അമിനിറ്റീസ് 350 രൂപ, കോഷൻ ഡെപ്പോസിറ്റ് (തിരികെ ലഭിക്കും) 1000 രൂപ. ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കുകൾ -സെമസ്റ്റർ ട്യൂഷൻ ഫീസ് 12,100 രൂപ. കേപ്പ് കോളജുകളിൽ സെമസ്റ്റർ ട്യൂഷൻ ഫീസ് 9000 രൂപ, വാർഷിക സ്പെഷൽ ഫീസ് 1500 രൂപ. സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ വാർഷിക ട്യൂഷൻ ഫീസ് - ഗവൺമെന്റ് ക്വോട്ട സീറ്റ് 22,500 രൂപ, മാനേജ്മെന്റ് സീറ്റ് 37,500 രൂപ (മറ്റു ഫീസുകൾ പുറമെ) ഫീസ് നിരക്കുകൾ പ്രോസ്പെക്ടസിലുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും അഡ്മിഷൻ പോർട്ടൽ സന്ദർശിക്കേണ്ടതാണ്.
0 Comments