തുരങ്കപാത : കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പച്ചക്കൊടിയായി.





മുക്കം:ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു
കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്‌ധസമിതി. മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാനുള്ള ശിപാർശ നൽകിയത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗനയ്ക്കുവിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്‌ധ  സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്. 

ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങും.
ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവുമെന്നും പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ വൈകാതെ  നടത്തുമെന്നു ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
തുരങ്ക പാതയുമായി ബന്ധപ്പെട്ട് അനുമതി നിഷേധിച്ചു എന്ന പേരിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ ഈ ആശങ്കകൾക്ക് വിരാമമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദഗ്‌ധസമിതിയുടെ പ്രധാന നിർദ്ദേശങ്ങൾ

തുരങ്കപാതയുടെ നിർമാണത്തിന്റെ ഖനന സമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള  സ്‌ഫോടനതിന്റെ  പ്രത്യാഘാതങ്ങൾ കുറക്കാൻ സി എസ് ഐ ആർ,സി ഐ എം എഫ് ആർ എന്നിവ നൽകിയിട്ടുള്ള മുഴുവൻ നിർദ്ദേശങ്ങളും പാലിക്കാൻ പദ്ധതി നിർവാഹകർ ശ്രദ്ധിക്കണം.വൈബ്രേഷൻ, പ്രളയം,ഭൂമിശാസ്ത്രപരമായ പഠനങ്ങൾ എന്നിവയിലുള്ള നിർദ്ദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ആറു മാസത്തിൽ ഒരിക്കൽ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം.നാലു ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിങ്ങ് സ്റ്റേഷനുകൾ നിർമ്മിക്കാനും നിർദ്ദേശമുണ്ട്.നിർമാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകു ന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള സംവിധാങ്ങളും ഒരുക്കണം.

 പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതക്കിരുവശവും ജൈവവൈവിധ്യ സമ്പന്നമാണ്.സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പൻ അടക്കമുള്ള പക്ഷികളുടെയും വന്യ മൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം.അപ്പൻകാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം,നിർദ്ധിഷ്ട പദ്ധതി പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നതിനാൽ സ്‌ഥിരമായ നിരീക്ഷണം, കളക്ടർ ശിപാർശ ചെയ്യുന്ന 4 പേർ അടങ്ങുന്ന വിദഗ്ദ സമിതി രൂപീകരിക്കുക,നിർമ്മാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക,ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമ്മാണം നടത്തുക,ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും നൽകിയിട്ടുണ്ട്.

ഏപ്രിൽ നാലിനുചേർന്ന  സമിതിയോഗം സംസ്ഥാനത്തിൻ്റെ ഭൗമഘടന, മണ്ണിടിച്ചിൽ, ജലപ്രവാഹം എന്നിവയെ ക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാനസർ ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണു ഈ നിർദ്ദേശങ്ങൾ നൽകിയത്.

പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.ഭോപ്പാൽ അസ്‌ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത അസ്‌ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്.ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.

Post a Comment

0 Comments