ദില്ലി: തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ല്‍ നിന്ന് 5.50% ആയി.ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധന നയ യോഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകള്‍ പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 25 ബേസിസ് പോയിന്റ് കുറച്ച് 5.75% ആക്കുമെന്നുള്ള പ്രതീക്ഷകള്‍ വിദഗ്ധർ പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ കടന്നിട്ടാണ് റിസർവ് ബാങ്ക് പലിശ കുറച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി മുതല്‍ 100 ബേസിസ് പോയിന്റ് ആണ് റിപ്പോ നിരക്കില്‍ കുറവ് വന്നത്. ഇഎംഐകള്‍ ഗണ്യമായി കുറയുമെന്നതിനാല്‍ ഈ നടപടി വായ്പ കടം വാങ്ങുന്നവർക്ക് വലിയ സന്തോഷം നല്‍കുന്നതാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ കാരണം ആഗോള സമ്ബദ്‌വ്യവസ്ഥ അനിശ്ചിതത്വം നേരിടുന്ന സമയത്താണ് ആർബിഐയുടെ നയം വരുന്നത്. അമേരിക്ക തുടങ്ങിവെച്ച താരിഫ് യുദ്ധങ്ങള്‍ കാരണം ആഗോള സാമ്ബത്തിക പ്രതിസന്ധി ഉണ്ടാകാമെന്ന് കഴിഞ്ഞ നയത്തില്‍ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.
2025 ഫെബ്രുവരി മുതല്‍ തുടർച്ചയായി പലിശ നിരക്ക് കുറച്ചതിന് ശേഷം മോണിറ്ററി പോളിസി കമ്മിറ്റി അക്കോമഡേറ്റീവ് നയത്തില്‍ നിന്നും ന്യൂട്രല്‍ എന്നതിലേക്ക് നിലപാട് മാറ്റാനും തീരുമാനിച്ചു. 2026 സാമ്ബത്തിക വർഷത്തിലെ പണപ്പെരുപ്പ പ്രവചനം 4% ല്‍ നിന്ന് 3.7% ആയി ആർബിഐ പരിഷ്കരിച്ചു, അതേസമയം 2026 സാമ്ബത്തിക വർഷത്തിലെ ജിഡിപി വളർച്ചാ പ്രവചനം 6.5% ആയി നിലനിർത്തിയിട്ടുണ്ട്.
ബാങ്കുകള്‍ക്ക് പണം കടം നല്‍കുന്നതിന് ആർബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കില്‍ വന്ന മാറ്റം ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവർക്ക് ഗുണം ചെയ്യും. പ്രതിമാസ ഇഎംഐ കുറയും
0 Comments