അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ് മുളക്.മഴക്കാലത്തും വേനൽക്കാലത്തും ഒരേ പോലെ വളരുന്ന പച്ചമുളക് വളരെ എളുപ്പത്തിൽ കൃഷി ചെയ്തുണ്ടാക്കും. സ്ഥലമില്ലാത്തവർക്ക് ടറസിലോ ബാൽക്കണിയിലോ ഗ്രോ ബാഗ് വെച്ചും ഇത് കൃഷി ചെയ്യാം.
വിത്തിനങ്ങൾ.
അനുഗ്രഹ – പച്ചനിറം, എരിവ് കുറവ്
ഉജ്ജ്വല – ചുവപ്പ് നിറം, എരിവു കൂടുതല്‍
മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ്.
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി,ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവ.```
നടീൽരീതി.
മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം.ചുവന്നമണ്ണ്, ചെങ്കൽമണ്ണ്, പശിമയുള്ള മണ്ണ് എന്നിവയിൽ എല്ലാം നമുക്ക് മുളക് കൃഷി ചെയ്യാവുന്നതാണ്. ഗ്രോബാഗിലാണെങ്കിൽ വോട്ടിങ് മിശ്രിതം നിറച്ചതിനു ശേഷം തൈകൾ നട്ട് പിടിപ്പിക്കണം.
മഴക്കാലത്തേക്കുള്ള വിത്തുകൾ മേയ് ആദ്യം തന്നെ വിത്തു പാകി മുളപ്പിച്ചു തയ്യാറാക്കണം.മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിന്റെ പൊടിയിലാണ് വിത്തുകൾ നടേണ്ടത്.ദിവസവും ചെറുതായി നനച്ച് കൊടുക്കണം. നാല് ദിവസം കൊണ്ട് മുളച്ചു പൊന്തുന്ന തൈകൾ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം മാറ്റി നടാവുന്നതാണ്.```
പരിചരണം.
1. ടെറസ് കൃഷിയിൽ പ്രത്യേകിച്ച് വേനൽക്കാലത്ത് രാവിലെയും വൈകീട്ടും നന നിർബന്ധമാക്കണം.
2.ചെടികൾക്ക് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടുകൊടുക്കുന്നത് വിളവ് വർധിപ്പിക്കാൻ സഹായിക്കും.
3. മൂന്നു വർഷത്തോളം വരെ ഗ്രോബാഗ് ഉപയോഗിക്കാൻ സാധിക്കും
4.ഓരോ വിള കഴിയുമ്പോഴും പോട്ടിങ്ങ് മിശ്രിതം ജൈവവളം ചേർത്ത് സൂര്യപ്രകാശം കൊള്ളിച്ചതിനുശേഷം അടുത്ത വിള നടുന്നതിന് ഉപയോഗിക്കാം.
5.ആവശ്യമെങ്കിൽ ചെടികൾക്ക് താങ്ങ് കൊടുക്കുകയും ചെടി നട്ട് ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കളകൾ നീക്കം ചെയ്ത് വളപ്രയോഗം നടത്തി മണ്ണ് കയറ്റി വയ്ക്കുകയും പുതയിടുകയും ചെയ്യേണ്ടതാണ്.
6. പൂർണമായും ജൈവവളപ്രയോഗത്തിലൂടെ മുളക് കൃഷി ചെയ്യണം
7.കാലി വളം, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്ക് സ്ലറി, എല്ലുപൊടി , കോഴിവളം, ചാരം എന്നിവയാണ് പ്രധാനമായി ഉപയോഗിക്കാവുന്ന ജൈവവളങ്ങൾ.
8. ജീവാണുവളമായ അസോസ്പെറില്ലം, അസറ്റോബാക്റ്റർ, മൈക്കോറൈസ എന്നിവയുടെ പ്രയോഗം ചെടികളുടെ വളർച്ചയിലും വിളവിലും കാര്യമായ വർദ്ധനവ് നൽകുന്നു.
9. ആഴ്ചയിൽ ഒരിക്കൽ നേർപ്പിച്ച സ്ലറി (25 ഗ്രാം ചാണകം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ ഗോമൂത്രം വെർമി വാഷ് ( 8 ഇരട്ടി നേർപ്പിച്ചത്) തളിച്ചു കൊടുക്കുന്നത് നല്ലതാണ്.```
ഗുണങ്ങൾ
ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. പ്രത്യേകിച്ച് ഇത് രക്തധമനികൾ
ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.കൂടാതെ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുന്നു.അയൺ (ഇരുമ്പ് സത്ത്) ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പച്ചമുളക്.
അയണിന്റെ അപര്യാപ്തതയുള്ളവർക്ക് ഇത് വളരെയേറെ ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ധാരാളം ആന്റിബാക്ടീരിയൽ അടങ്ങിയിട്ടുള്ള പച്ചമുളക് തൊലിപ്പുറത്ത് വരുന്ന അലർജികൾക്കും ഒരു പരിഹാരമാണ്.പച്ചമുളകിൽവൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അസ്ഥിക്ഷയം എന്ന രോഗാവസ്ഥയ്ക്ക് പച്ചമുളക് കഴിക്കുന്നത് ഗുണം ചെയ്യും.
മുറിവ്, മറ്റ് പരിക്കുകൾ എന്നിവ മൂലമുണ്ടാകുന്ന അമിത രക്തസ്രാവം തടയാനും വൈറ്റമിൻ കെ സഹായിക്കും.വൈറ്റമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകിൽ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.```
രോഗങ്ങളും കീടങ്ങളും
കീടങ്ങൾ ഏത് കൃഷിയേയും ബാധിക്കുന്ന വില്ലനാണ്. ഇതിനെ നീക്കം ചെയ്തില്ലെങ്കിൽ വിള നശിച്ച് പോകാൻ കാരണമാകും. പച്ചമുളകിലും കീടബാധ ഉണ്ടാകും. ഇതിനെ ചെറുക്കാൻ വെർട്ടിസീലിയം ലിക്കാനി (Verticillium lecanii) എന്ന മിത്രകുമിളിനെ ഉപയോഗിക്കാവുന്നതാണ്. വിളകൾ നശിപ്പിക്കുന്ന
മീലിമൂട്ടകളെയും വെള്ളീച്ചകളെയും ഇലപ്പേനിനെയുമെല്ലാം ഇങ്ങനെ നശിപ്പിക്കാൻ കഴിയും. കീടങ്ങളെ തുരത്താൻ 10 മുതൽ 15 ഗ്രാം വരെ വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി.മീലിമൂട്ട അല്ലെങ്കിൽ മൂഞ്ഞയുടെ ശല്യമുണ്ടെങ്കിൽ 5 ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ ചൂടുവെള്ളത്തിൽ ലയിപ്പിച്ചശേഷം ചെടികളിൽ തളിക്കാം.
മൂന്ന് ദിവസത്തിനുള്ളിൽ കീടങ്ങൾ നശിക്കും. 10 ദിവസത്തിലൊരിക്കൽ വീണ്ടും തളിച്ചുകൊടുത്താൽ കീടങ്ങളെ നിയന്ത്രിക്കാം.ഇല കുരുടിച്ച് പോകുന്ന അവസ്ഥ തടയാൻ രണ്ട് ശതമാനം വീര്യമുള്ള വെളുത്തുള്ളി വേപ്പെണ്ണ ചേർത്ത് നിർമ്മിച്ച മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്താൽ മതി.കീടങ്ങളെ നശിപ്പിക്കാൻ ഇനിയുമുണ്ട് ചില മാർഗങ്ങൾ. ഇലകൾ നന്നായി നനയ്ക്കുക. ഒരു ടേബിൾ സ്പൂൺ ചാരവും രണ്ടു ടേബിൾസ്പൂൺ കുമ്മായവും ഇലകളിൽ വിതറുക. കീടങ്ങൾ നശിച്ച് പോകും.```
വിളവെടുപ്പ്
മുളക് ചെടിയിൽ നിന്ന് 1-2 വര്ഷം വരെ വിളവ് ലഭിക്കാവുന്നതാണ്.```
കടപ്പാട് : ഓൺലൈൻ(ഹോംലി ഫാംസ്)
അനൂപ് വേലൂർ.
0 Comments