'മൊൻത' ചുഴലിക്കാറ്റ് വരുന്നു. കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യത.




കൊച്ചി: കേരളത്തില്‍ മൊൻതയുടെ പ്രഭാവം ശക്തമാവുകയാണ്. ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച കാലാവസ്ഥാ വകുപ്പ്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും മറ്റ് ഒൻപത് ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച്‌ ‘മൊൻത’ ചുഴലിക്കാറ്റായി മാറിയതോടെ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

മണിക്കൂറില്‍ 15 കിലോമീറ്റർ വേഗതയില്‍ വടക്കു പടിഞ്ഞാറൻ ദിശയില്‍ സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റ്, നാളെ വൈകീട്ടോ രാത്രിയോ ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.

ഇതിന്റെ സ്വാധീനഫലമായി ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, കർണാടക തീരങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നു.

കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന ആശങ്കയില്‍, ആന്ധ്രാപ്രദേശ് സർക്കാർ നടപടികള്‍ ഊർജിതമാക്കി, ശ്രീകാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.

23 ജില്ലകളില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി. കൂടാതെ കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

Post a Comment

0 Comments