സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റർ പദവി ഉണ്ടാകില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. ഹെഡ്മാസ്റ്റർ മാർക്ക് പകരം വൈസ് പ്രിൻസിപ്പൽ പദവി ആയിരിക്കും ഉണ്ടാകുക .മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്നും സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട്ട് വെച്ച് നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ക്യാമ്പസിലും ക്ലാസ് മുറിയിലും വിദ്യാർഥികൾ മൊബൈൽഫോൺ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികളുടെ അമിതമായ ഫോൺ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒന്നാം ഘട്ടം ഈ വർഷം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിലെ ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. പൊതു സ്വീകാര്യവും, കുട്ടികൾക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം. സ്കൂളിലെ പിടിഎ അടക്കമുള്ള മുഴുവൻ പേർക്കും സ്വീകാര്യമാണെങ്കിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. സൗകര്യമുള്ള സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കുമെന്നും ഇതും പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സമീപത്തെ സ്കൂളുകൾ അടക്കമുള്ളവരുടെ താത്പര്യം പരിഗണിച്ചായിരിക്കും നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എൽ.പി, യു.പി ക്ലാസുകളിൽ 200-ഉം ഹൈസ്കൂളിൽ 220 അധ്യയന ദിവസങ്ങളും ഉണ്ടാവണം. പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ കുട്ടികളെ കാണികളാക്കി സ്കൂളിനകത്തോ പുറത്തോ ക്ലാസ് സമയങ്ങളിൽ പൊതുപരിപാടികളോ മറ്റ് പരിപാടികളോ സംഘടിപ്പിക്കരുതെന്നും മന്ത്രി അറിയിച്ചു. ഇത് കുട്ടികളുടെ അധ്യയനസമയം നഷ്ടമാക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി.
മൊബൈൽ ഫോൺ നിരോധനവുമായി ബന്ധപ്പെട്ട സർക്കുലർ വിദ്യാഭ്യാസ വകുപ്പ് നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്ത് സ്കൂളുകൾ പ്രവർത്തിക്കാതായപ്പോൾ ഓൺലൈൻപഠനത്തിനായി മൊബൈൽ ഫോണുകളാണ് വിദ്യാർഥികൾ ആശ്രയിച്ചത്. അധ്യാപകരുമായും വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനും ക്ലാസുകൾക്കും അത് അത്യാവശ്യവുമായിരുന്നു. വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും, സ്വഭാവ വൈകല്യങ്ങൾക്കും വഴിവെച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യജീവിതത്തിലെ അനാരോഗ്യകരമായ പ്രവണതകൾ വിദ്യാർഥികൾക്കിടയിൽ വളരുന്നതിൽ മൊബൈൽഫോണിന്റെ പങ്കും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ എ.ഇ.മാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒൻപതിന് തൃശൂരുമാണ് യോഗം.
0 Comments