കൊയിലാണ്ടി : 2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഒരുങ്ങി.
നഗരവാസികൾക്കും നഗരത്തിൽ എത്തുന്നവർക്കും ഒഴിവുസമയങ്ങളും സായാഹ്നങ്ങളും ചെലവിടാൻ പൊതു ഇടങ്ങൾക്കായി പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുക എന്ന സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ‘കൊയിലാണ്ടി നഗരസഭയിൽ വിവിധ സ്ഥലങ്ങളിലായി പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരിച്ച് പാർക്കുകളാക്കി മാറ്റുന്നതിന് നഗരസഭ നേതൃത്വം നൽകുകയാണ്. നഗരസഭയ്ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ പൂർണ്ണമായും സ്പോൺസർമാരെ കണ്ടെത്തിയാണ് ഈ സ്നേഹാരാമത്തിന്റെ പണി പൂർത്തിയാക്കിയത്.ഡിസംബർ മൂന്നിന് വൈകുന്നേരം മൂന്നുമണിക്ക് സ്നേഹാരാമത്തിൻ്റെ ഉദ്ഘാടനം എംഎൽഎ കാനത്തിൽ ജമീല നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയാകും.
മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി നഗരസഭ ആരോഗ്യ ശുചിത്വ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളും, കൊയിലാണ്ടിയിലെ അലയൻസ് ക്ലബ് ഉൾപ്പെടെയുള്ള സംഘടനകളുടെയും സ്ഥാപനങ്ങയും സഹകരണത്തോടെ മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കിമാറ്റുന്നതാണ് സ്നേഹാരാമം പദ്ധതി.
സ്നേഹാരാമത്തിൽ എഫ്എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈൽ ചാർജിങ് പോയിൻ്റ്, മനോഹരമായ ലൈറ്റ് കൊണ്ടുള്ള അലങ്കാരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയുടെ ചരിത്ര സാംസ്‌കാരിക പൈതൃകം സൂചിപ്പിക്കുന്ന ചുവർശിൽപങ്ങൾ ഇവിടെയെത്തുന്ന ഏവരേയും ആകർഷിക്കും. കാപ്പാട് വാസ്കോഡഗാമ, ചേമഞ്ചേരി സ്വാതന്ത്രസമര സ്മാരകം പാറപ്പള്ളി, പിഷാരികാവ് ക്ഷേത്രം പുരാതനമായ കോതമംഗം മേലേപ്പാത്തെ ചന്ത, ചികിരി തല്ലൽ, കൊയിലാണ്ടിയുടെ വ്യാപാര പൈതൃകമായ ഹുക്ക ഉൾപ്പെടെ കൊയിലാണ്ടിയുമായി ബന്ധപ്പെട്ട ചരിത്രങ്ങളെല്ലാം ചുവർശിൽപ്പത്തിൽ കാണാം. ബിജു കലാലയമാണ് ശിൽപമൊരുക്കിയത്
കൊയിലാണ്ടിയിലെത്തുന്ന എല്ലാവർക്കും സ്നേഹാരാമത്തിൻ്റെ സൗകര്യങ്ങൾ ഉപയോഗിക്കാമെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അറിയിച്ചു.
0 Comments