കാലം മടക്കി വിളിച്ചത് വാക്കിന്റെ മഹാവിസ്മയത്തെ: .പ്രിയ എം.ടിക്ക്‌ വിട നൽകി മലയാളം.





  ഭാഷയെ വിശ്വ സാഹിത്യത്തിലേക്ക് കൈപിടിച്ച അക്ഷര ഇതിഹാസം എം ടി വാസുദേവൻ നായർക്ക് വിട നൽകി അമ്മ മലയാളം. മാവൂർ റോഡിലെ സ്മൃതി പദത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. എംടിയുടെ സഹോദര പുത്രൻ എം സതീശൻ അന്ത്യകർമ്മങ്ങൾ ചെയ്തു. മകൾ അശ്വതി ഉൾപ്പെടെയുള്ള ബന്ധുക്കളും സാക്ഷിയായി. രണ്ടാമൂഴം ഇല്ലാത്ത കാലത്തേക്ക് യാത്രയായ എഴുത്തിന്റെ പെരുന്തച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് നിളാ പ്രവാഹം പോലെ ഒഴുകിയെത്തിയത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ജനപ്രതിനിധികളും പ്രിയ എഴുത്തുകാരന് വിട നൽകി.

 എംടിയുടെ വാക്കുകൾ കടമെടുത്താൽ മരണവുമായി സന്ധി പറഞ്ഞ ഇടവേള മാത്രമാണ് ജീവിതം. വാക്കിന്റെ മഹാമൗനം സിതാരയെ പൊതിഞ്ഞപ്പോൾ സാംസ്കാരിക കേരളം തേങ്ങി. രോഗശയ്യയിൽ നിന്ന് എംടിയുടെ മടങ്ങിവരവ് ഇന്നലെ രാത്രി 10 വരെ കൊട്ടാരം റോഡിലെ സിതാര എന്ന വീടും ഓരോ മലയാളിയും ആഗ്രഹിച്ചു. പക്ഷേ പ്രാർത്ഥനകൾ വിഫലമായി. അവസാന യാത്രക്കായി മലയാളത്തിന്റെ സാഹിത്യ സൗഹൃദം ഒരിക്കൽക്കൂടി സിതാരയുടെ പടികടന്നെത്തി.

 വേദനയേറ്റ് 'വാസുവേട്ടാ ' എന്ന വിളിയോടെ ജീവിതപങ്കാളി സരസ്വതി ടീച്ചർ വിങ്ങിപ്പൊട്ടി. കരഞ്ഞു കലങ്ങി മകൾ അശ്വതിയും ബന്ധുക്കളും. സമയവും താഴ് വാരവും അടക്കം എംടിയുടെ മികവുറ്റ രചനകളിലൂടെ അഭിനയത്തിന്റെ വിസ്മയക്കാഴ്ചകൾ ഒരുക്കിയ മോഹൻലാൽ പുലർച്ചയ്ക്ക് മുൻപേ അന്തിമോപചാരം അർപ്പിക്കാൻ എത്തി. വാക്കിന്റെ വിരാട് പുരുഷനു മുന്നിൽ അഞ്ജലീബന്ധനായി. നേരം പുലരുവാൻ തുടങ്ങിയതോടെ നിളയിലെ മൺതരികൾ പോലെ ഉള്ളിൽ അടക്കിപ്പിടിച്ച തേങ്ങലിന്റെ പ്രവാഹവുമായി മനുഷ്യൻ സിതാരയിലേക്ക്. ആൾക്കൂട്ടത്തെ തനിയെ നിന്ന് ഏകാകിയുടെ ശബ്ദമായവനെ കാഥികന്റെ പണിപ്പുരയിലെത്തി നാടിന്റെ നിശബ്ദമായ യാത്രാമൊഴി.

 ആത്മനങ്ങളുടെ കടവിൽ അക്ഷരങ്ങളുടെ കാതിൽ കടഞ്ഞെടുത്ത് സാഹിത്യത്തിന്റെ നാലുകെട്ട് പണിത് അതിൽ വാക്കിന്റെ തീർച്ചയും മൂർച്ചയും ഉള്ള പള്ളിവാളും, കാൽചിലമ്പും പ്രതിഷ്ഠിച്ച എഴുത്തിന്റെ ഈ പെരുന്തച്ചനെ സമ്മാനിച്ചതിന് കാലമേ നന്ദി. നന്ദി.

Post a Comment

0 Comments