മതത്തിന്റേയും ജാതിയുടേയും അടയാളങ്ങളെ രാഷ്ട്രീയ അധിനിവേശത്തിനുള്ള ആയുധങ്ങളായി മൂർച്ചകൂട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുക എന്നത് ഫാഷിസ്റ്റ് ഭരണാധികാരികളുടെ എക്കാലത്തെയും പ്രഥമ അജണ്ടയാണ്. കാൻ്റർബെറി പള്ളിയിലെ ആൾത്താരയിൽ കൊലചെയ്യപ്പെട്ട ആർച്ച് ബിഷപ്പിൽ തുടങ്ങി വയൽവരമ്പിലെ മാടൻതറ സ്വർണ്ണം പൂശി മാടനെ അതിൽ തളച്ചിടുന്നതിൽവരെ അത് ദൃശ്യപ്പെടുന്നു.
ആലപ്പുഴ മരുതം ഗ്രൂപ്പ് അവതരിപ്പിച്ച മാടൻ മോക്ഷം എന്ന നാടകം സമകാലിക രാഷ്ട്രീയ അജണ്ടകളുടെ തുറന്നു കാട്ടലാണ്. പ്രത്യയശാസ്ത്രം പഠിപ്പിച്ചുകൊണ്ട് മനുഷ്യനെ ബോധവൽക്കരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. എന്നാൽ മനുഷ്യൻ്റെ യുക്തിരഹിതമായ വിശ്വാസങ്ങളിലൂടെ അവൻ്റെ ഉള്ളിലേക്ക് കടന്നു കയറുക എന്നത് വളരെ എളുപ്പമാണ്.
പ്രാരാബ്ധവും പട്ടിണിയുമായി വയൽവരമ്പത്ത് കഴിയുന്ന മാടൻ എന്ന ദളിത് ദൈവം തൻ്റെ അനുയായിയായ കുഞ്ഞിനുമായി സംവദിക്കുന്ന രീതിയിലാണ് നാടകം മുന്നോട്ടുപോകുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച നാടകം ആധുനിക ഇന്ത്യയുടെ സാമൂഹികാവസ്ഥകളിലൂടെ സസൂഷ്മം സഞ്ചരിക്കുകയാണ്. മാടനെ പൂണൂലണിയിക്കാൻ ശ്രമിക്കുന്ന സവർണ്ണ മേലാളന്മാരോട് ഒട്ടും താല്പര്യം കാണിക്കാൻ തയ്യാറാവുന്നില്ല മാടൻ. എന്നാൽ അടുത്ത ജന്മത്തിലെങ്കിലും പൂണൂലിട്ട ആളായി ജനിക്കാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർ ജീവിക്കുന്ന നാട്ടിൽ എന്തുകൊണ്ടാണ് നിങ്ങൾക്ക് പൂണൂൽ സ്വീകരിക്കാൻ മടി എന്ന് ഹാസ്യരൂപത്തിൽ കുഞ്ഞൻ ചോദിക്കുന്നുണ്ട്.
കള്ളും കരിങ്കോഴിയും കിട്ടാതെ വിശന്നു വലയുന്ന മാടൻ നിലനിൽപ്പിന്റെ ആവശ്യത്തിനായി ചെയ്യുന്ന ഒരു ചെറിയ കാര്യം അസ്ഥിത്വത്തിന്റെ ആണിക്കല്ലിളക്കുന്ന ഒന്നായി പരിണമിക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കാണുന്നത്. സ്വർണ്ണമഞ്ചലിൽ കിടത്തിയ ദൈവങ്ങളുള്ള നാട്ടിൽ തന്നെ ഒരുനേരത്തെ ആഹാരത്തിനായി കരഞ്ഞു കൊണ്ടിരിക്കുന്ന മാടനെ പോലെയുള്ള ഗതികെട്ട ദൈവങ്ങളും ഉണ്ട്.
വയൽ വരമ്പിലും തോട്ടുവക്കിലും യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുകയും വായിൽ വരുന്ന തെറിവാക്കുകൾ ഉറക്കെ പറയുകയും ചെയ്തു ശീലിച്ച മാടൻ ഒരു സവർണ്ണ പ്രതിഷ്ഠയായി മാറുമ്പോൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യവും വീർപ്പുമുട്ടലുകളും വളരെ രസകരമായാണ് നാടകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
മതസൗഹാർദ്ദം എന്ന കപട നാട്യത്തിന്റെ ഔദ്യോഗിക രൂപം കലക്ടറുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് നാടകത്തിൽ. സമാധാന യോഗത്തിൽ മൂന്നു ജാതിക്കാർക്കും ആയി പ്രത്യേകം പ്രത്യേകം ഭക്ഷണം തയ്യാറാക്കുകയും അവർക്കായി പ്രത്യേകം ഓഫറുകൾ നൽകുകയും ചെയ്യുന്നതിലൂടെ ഭരണവർഗത്തിന്റെ ഈ വിഷയത്തിലുള്ള കാപട്യം വളരെ രസകരമായി തുറന്നു കാണിക്കപ്പെടുന്നുണ്ട്.
ചുവന്നു തുടുത്ത ദൈവങ്ങളുടെയും, സർവ്വാഭരണ വിഭൂഷരായ ദൈവങ്ങളുടെയും, വലിയ ഗോപുരങ്ങളും കൊടിമരങ്ങളും സ്വന്തമായുള്ള ദൈവങ്ങളുടെയും ഇടയിൽ പ്രതിഷ്ഠിക്കപ്പെട്ടുപോകുന്ന മാടൻ തനിക്ക് നഷ്ടപ്പെട്ട തൻ്റെ മക്കളെയോർത്ത് ഉറക്കെ കരയുന്നു. ഞാൻ പോയാൽ നിനക്ക് ആരാണ് ഉണ്ടാവുക എന്ന് കുഞ്ഞനോട് പറയുമ്പോൾ ദൈവം കരയുന്നു.
മാടൻ്റെ മക്കൾ ചൂണ്ടയിടുകയും, കുളിക്കുകയും പല്ലുതേച്ചു തുപ്പുകയും ചെയ്യുന്ന കുളം ശുദ്ധീകരിച്ച് ചുറ്റിലും സ്വർണ്ണ കുറ്റികൾ നാട്ടി സ്വന്തമാക്കുകയും, മാടൻ തറ സ്വർണ്ണം പൂശി ഭംഗിയാക്കുകയും, കോഴിയും കള്ളും കൊണ്ട് അശുദ്ധമായ വരമ്പ് ശുദ്ധികലശം ചെയ്ത് പായസവും നിവേദ്യ ചോറും മാത്രം അർപ്പിക്കുന്ന ഇടമാക്കി മാറ്റുകയും, പിറകിൽ സ്വർണ്ണ കൊടിമരം ഉയർത്തുകയും, സ്വർണ്ണം പൂശിയ വലിയ ഗോപുര വാതിലുകൾ നിർമ്മിക്കുകയും ചെയ്യുന്ന സവർണ്ണ മേലാളന്മാർ ഒരുമിച്ച് അട്ടഹസിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്. ഇത്തരം അധിനിവേശങ്ങളെ നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരുന്ന മനുഷ്യരുടെ നെഞ്ചിൽ പൊട്ടിയ വലിയൊരു ബോംബ് തന്നെയാണ് കൊടിയേറ്റത്തിന്റെയവസാനം മുഴങ്ങുന്ന വലിയ കതിന.
ഹിന്ദുമതത്തിലാണ് ഇപ്പോൾ നമ്മളെല്ലാവരും എന്ന് കുഞ്ഞൻ പറയുമ്പോൾ അതെന്തോന്ന് എന്ന് ദൈവം ചോദിക്കുന്നുണ്ട്. ദളിതരും ആദിവാസികളും കീഴാളരും എന്നുമുതലാണ് ഹിന്ദുമതത്തിന്റെ ഭാഗമായത് എന്നത് പരിഹാസം നിറഞ്ഞ വലിയൊരു ചോദ്യമായി നാടകം അവശേഷിപ്പിക്കുന്നുണ്ട്. ഇന്ന് മലയാളികൾ ആഘോഷപൂർവ്വം കൊണ്ടാടുന്ന വലിയ വലിയ ക്ഷേത്രങ്ങളുടെ പൂർവ്വകാല ചരിത്രമന്വേഷിക്കുമ്പോൾ ഇത്തരം പിടിച്ചെടുക്കലുകളുടെ കഥകൾ ഒരുപാട് നമ്മുടെ മനസ്സിലേക്ക് ഇരച്ചു വരും.
പ്രസിദ്ധ മലയാളം - തമിഴ് എഴുത്തുകാരൻ ജയമോഹന്റെ മാടൻ മോക്ഷം എന്ന നോവലിൻ്റെ സ്വതന്ത്ര നാടകാഖ്യാനം സംവിധാനം ചെയ്തത് ജോബ് മഠത്തിലാണ്. മാടനായി ജയചന്ദ്രൻ തകഴിക്കാരനും കുഞ്ഞനായി പ്രമോദ് വലിയനാടും നിറഞ്ഞാടി. നാടകത്തിലെ കഥാപാത്രങ്ങളെല്ലാം വളരെ സൂക്ഷ്മതയോടെ ഓരോ ചലനവും കൃത്യതപ്പെടുത്തി എന്നത് ഈ നാടകത്തെ ഒരു അത്യുജ്ജല കലാസൃഷ്ടിയാക്കി മാറ്റുന്നു.
0 Comments