പത്തുവർഷത്തിന് ശേഷം ലോഗോയിൽ മാറ്റംവരുത്തി ഗൂഗിൾ. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയിൽ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങൾ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങൾ നിലനിർത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോർട്ടുചെയ്തത്.
ഗൂഗിളിന്റെ നിർമിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയിൽ ഗ്രേഡിയന്റായാണ് നിറങ്ങൾ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്സൽ ഫോണുകളിലാവും പുതിയ ലോഗോ ഉടൻ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവിൽ ഗൂഗിൾ ലോഗോയിൽ കാര്യമായ മാറ്റംവരുത്തിയത്.
ലോഗോയിലെ മാറ്റം റിപ്പോർട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലർ പറയുന്നത്.
0 Comments